34.3 C
Qatar
Wednesday, May 15, 2024

ശുദ്ധീകരിച്ച വെള്ളം പോലും സുരക്ഷിതമല്ല? പ്രമുഖ ബ്രാൻഡുകളുടെ കുപ്പിവെള്ളത്തിൽ കണ്ടെത്തിയത് 2,40000 പ്ലാസ്റ്റിക് ശകലങ്ങൾ

- Advertisement -

കുടിക്കാനായി നമ്മൾ വാങ്ങുന്ന കുപ്പിവെള്ളം എത്രത്തോളം സുരക്ഷിതമാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്രത്യേകിച്ചും ഗൾഫ് രാജ്യങ്ങളിൽ പ്രവാസികൾ കൂടുതലും ആശ്രയിക്കുന്നത് കുപ്പി വെള്ളത്തെ തന്നെയാണ് എന്നതാണ് ഈ ചോദ്യം പ്രസക്തമാക്കുന്നത്.

കുടിക്കാനായി നമ്മൾ ഉപയോഗിക്കുന്ന ഒരു ലിറ്റർ കുപ്പിവെള്ളത്തിൽ 2,40,000 നാനോപ്ലാസ്റ്റിക് കഷ്ണങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പുതുതായി വികസിപ്പിച്ച ലേസർ സാങ്കേതികവിദ്യയിലൂടെ കുപ്പിവെള്ളത്തിലെ പ്ലാസ്റ്റിക്കുകൾ കണ്ടെത്തിയിരിക്കുന്നത്.

- Advertisement -

ഓരോ ലിറ്ററിലും 1,10,000 മുതൽ 3,70,000 വരെ ചെറിയ പ്ലാസ്റ്റിക് ശകലങ്ങളും, അവയിൽ 90% നാനോപ്ലാസ്റ്റിക്കുകളും അടങ്ങിയിട്ടുണ്ടെന്നും പഠനം കണ്ടെത്തി. കൊളംബിയയിലെ ബയോഫിസിസ്റ്റും പഠന സഹ-രചയിതാവുമായ വെയ്മിനാണ് പുതിയ സാങ്കേതിക വിദ്യയിലൂടെ ഒരു ലിറ്റർ കുപ്പിവെള്ളത്തിൽ ശരാശരി 2,40,000 പ്ലാസ്റ്റിക് ശകലങ്ങൾ ഉണ്ടെന്നു കണ്ടെത്തിയത്.

തിരിച്ചറിഞ്ഞ 90 ശതമാനം കഷ്‌ണങ്ങളെയും 1 മൈക്രോമീറ്ററിൽ താഴെയുള്ള നാനോപ്ലാസ്റ്റിക് ആയി തരംതിരിച്ചിട്ടുണ്ട്. നാനോപ്ലാസ്റ്റിക്സിന് ദഹന, ശ്വസന പ്രക്രിയകളിലൂടെ രക്തത്തിലേക്ക് പ്രവേശിക്കാനുള്ള കഴിവുണ്ട്. പിന്നീട് ഈ പ്ലാസ്റ്റിക് ശകലങ്ങൾ ഹൃദയപേശികളിലും മറ്റു പ്രധാന അവയവങ്ങളിൽ അടിഞ്ഞുകൂടുകയും ചെയ്യും. തലച്ചോറിലെത്താനുള്ള സാധ്യതയുള്ളതുകൊണ്ട് തന്നെ രക്ത-മസ്‌തിഷ്ക തടസ്സം ലംഘിക്കുകയും ഗർഭസ്ഥ ശിശുക്കളുടെ ശരീരത്തിലേക്ക് നുഴഞ്ഞുകയറുകയും ചെയ്യും.

- Advertisement -

“നാനോപ്ലാസ്റ്റിക്‌സ് വിശകലനം ചെയ്യുമ്പോൾ വെല്ലുവിളികളെ നേരിടാനുള്ള സംവിധാനം പഠനത്തിലൂടെ കൊണ്ടുവന്നിട്ടുണ്ട് ” നാനോപ്ലാസ്റ്റിക് രക്തത്തിൽ പ്രവേശിക്കുമ്പോൾ എന്തുചെയ്യുമെന്നതിനെക്കുറിച്ച് ഇതുവരെ ഗവേഷണങ്ങൾ നടന്നിട്ടില്ല. എന്നാൽ പ്ലാസ്റ്റിക് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ എന്തു സംഭവിക്കുമെന്ന് തെളിയിക്കാൻ മതിയായ സംവിധാനങ്ങളുണ്ട്. ഇത് നാനോ പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചുള്ള നിലവിലെ അറിവിൻ്റെ പരിമിതികൾ അറിയാൻ സഹായിക്കുമെന്ന്” ഗവേഷകനായ നൈക്സിൻ ക്വിയാൻ പറഞ്ഞു.

പ്രമുഖ കമ്പനികളുടെ ബ്രാൻഡുകളാണ് നാനോ പ്ലാസ്റ്റിക്കുകളുടെ പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. പക്ഷെ ബ്രാൻഡിന്റെ പേരുകൾ ഗവേഷകർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പരിശോധിച്ച കുപ്പി വെള്ളത്തിൽ നിന്ന് പ്രത്യേകതരം നൈലോൺ പ്ലാസ്റ്റിക്ക് ശകലങ്ങളാണ് കണ്ടെത്തിയത്.കുപ്പിയുടെ ഞെരുക്കത്തിലൂടെയും കുപ്പിയുടെ അടപ്പുകൾ അഴിക്കുന്നതും വഴി നാനോപ്ലാസ്റ്റിക്കുകൾ ഉള്ളിലേക്ക് കടക്കാൻ സാധ്യത ഉണ്ടെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

പഠനത്തിന്റെ സഹ-രചയിതാവ്, കൊളംബിയയിലെ ലാമോണ്ട്-ഡോഹെർട്ടി എർത്ത് ഒബ്സർവേറ്ററിയിലെ (എൽഡിഇഒ) ജിയോകെമിസ്ട്രി ഗവേഷണ പ്രൊഫസറായ ബെയ്‌സാൻ യാൻ, വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന ഫിൽട്ടറുകളിൽ നിന്നും ഈ ശകലങ്ങൾ ഉണ്ടാകാമെന്ന് അഭിപ്രായപ്പെട്ടു.

പ്ലാസ്റ്റിക് നിർമാണത്തിൽ ഉപയോഗിക്കുന്ന അപകടകരമായിട്ടുള്ള ഉയർന്ന അളവിലുള്ള ഘനലോഹങ്ങൾ, രാസവസ്തുക്കളായ ബിസ്ഫെനോൾ, ഫ്‌താലേറ്റ്സ്, ഡയോക്സിൻ, ഓർഗാനിക് മാലിന്യങ്ങൾ, എന്നിവ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും, വൃക്കകൾ, കരൾ, ഹൃദയം, പ്രത്യുൽപാദനം തുടങ്ങിയ പ്രധാന അവയവങ്ങളെ ബാധിക്കുകയും ചെയ്യും.

“വലുപ്പമല്ല പ്രധാനം എണ്ണങ്ങളാണ്, കാരണം ചെറിയ ശകലങ്ങൾക്ക് നമ്മുടെ ഉള്ളിലേക്ക് കൂടുതൽ എളുപ്പത്തിൽ പ്രവേശിക്കാനാകും.” ഗവേഷകർ അഭിപ്രായപ്പെട്ടു. ഈ പുതിയ കണ്ടെത്തൽ ശുദ്ധീകരിച്ച കുപ്പിവെള്ളം കുടിക്കുന്നതുകൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകളിലേക്കാണ് നയിക്കുന്നത്.

Content Highlights: Nano plastics in Drinking bottled water

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR