30.4 C
Qatar
Thursday, May 16, 2024

പ്രവാസികൾ പിന്തുടരേണ്ട ഖത്തറിലെ നിയമങ്ങളെക്കുറിച്ച് അവബോധം ഉയർത്തി ആഭ്യന്തര മന്ത്രാലയം

- Advertisement -

ദോഹ: ഖത്തറിൽ നിലവിലുള്ള പാരമ്പര്യങ്ങളിലും ആചാരങ്ങളിലും പ്രവാസികൾ അറിവുള്ളവരായിരിക്കണമെന്നും നിയമാനുസൃതമായി പെരുമാറണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. മന്ത്രാലയത്തിനു കീഴിലുള്ള ക്യാപിറ്റൽ സെക്യൂരിറ്റി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന “പ്രവാസികളിലെ പൊതുവായ കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും” എന്ന വിഷയത്തിൽ നടന്ന വെബിനാറിൽ പ്രവാസികൾ കർശനമായി ഒഴിവാക്കേണ്ട കുറ്റകൃത്യങ്ങളെക്കുറിച്ച് നിർദേശങ്ങൾ പങ്കുവെക്കുകയുണ്ടായി.

വെബിനാറിൽ പ്രവാസികളിൽ ചിലർ ഖത്തറിൽ നടത്തി വരുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് ക്യാപിറ്റൽ സെക്യൂരിറ്റി വിഭാഗത്തിലെ ഒരു ഓഫീസർ സംസാരിക്കുകയുണ്ടായി. കോവിഡ് മഹാമാരി മൂലം ചില കമ്പനികൾക്ക് ശമ്പളം നൽകാൻ കഴിയാത്ത അവസ്ഥ വന്നേക്കാം. ഈ അവസരത്തിൽ പ്രവാസികൾ കൂട്ടം കൂടുന്നതിനും സമരം ചെയ്യുന്നതിനും പകരം തൊഴിലാളികൾ നിയമപരമായി കേസ് ഫയൽ ചെയ്യുകയാണ് ചെയ്യേണ്ടതെന്നു മന്ത്രാലയം വ്യക്തമാക്കി.

- Advertisement -

വിവിധ പ്രവാസി കൂട്ടായ്മകളുടെ പ്രതിനിധികൾ, സ്കൂളുകളിലെയും പൊതു-സ്വകാര്യ കമ്പനികളിലെ പബ്ലിക് റിലേഷൻ ഓഫീസർമാർ, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി മാനേജർമാർ, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ് പ്രതിനിധികൾ എന്നിങ്ങനെ 200 ഓളം പേരാണ് വെബിനാറിൽ പങ്കെടുത്തത്.

ഫോൺ, പണം, ആഭരണങ്ങൾ എന്നിങ്ങനെ വിലകൂടിയ വസ്തുക്കൾ കളഞ്ഞു കിട്ടുകയാണെങ്കിൽ അത് ഉടമസ്ഥർക്ക് തിരിച്ചു നൽകുകയോ അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് വെബിനാറിൽ പങ്കെടുത്ത മെസൈമാർ പോലീസ് സെക്ഷൻ ഓഫീസർ ലെഫ്നന്റ് കേണൽ ഖലീഫ സൽമാൻ നിർദേശിച്ചു.
കിട്ടിയ സാധനം കയ്യിൽ ഭദ്രമായി സൂക്ഷിക്കുകയും പോലീസിന് കൈമാറുന്നതിനു മുൻപ് മറ്റാർക്കും കൈമാറുകയോ ചെയ്യരുത്. അങ്ങനെ ചെയ്താൽ നിയമാനുസൃതമായി ആറു മാസം തടവും 3000 ഖത്തർ റിയാലിൽ കുറയാത്ത പിഴയും ലഭിക്കുമെന്നും മുന്നറിയിപ്പ് നൽകി.

- Advertisement -

മോഷണക്കുറ്റമാണെങ്കിൽ ഇത് 2 വർഷമായി ഉയരുകയും കുറ്റത്തിന്റെ തീവ്രതയനുസരിച്ച് ജീവപര്യന്തം വരെ ലഭിച്ചേക്കാം. മറ്റുള്ളവരുടെ വസ്തുക്കൾ സ്വന്തമെന്ന വ്യാജേന കൈവശം വെക്കുന്നത് മോഷണമായാണ് കണക്കാക്കുന്നതെന്നും രാജ്യത്തിന്റെ നിയമങ്ങൾ അനുസരിക്കേണ്ടതിന്റെയും പാരമ്പര്യവും ആചാരങ്ങളും കാത്തു സൂക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ലൈസൻസ് ഇല്ലാതെ സാധനങ്ങൾ വിൽക്കരുതെന്നും അങ്ങനെ വ്യാപാരം ചെയ്യാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്നും ലൈസൻസ് നേടണമെന്നും നിർദേശിക്കുന്നു. നിയമാനുസൃതമല്ലാത്ത സ്ഥലത്ത് പുകവലിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ പുകവലി നിരോധനവും നിയമങ്ങൾ കടുപ്പിച്ചിരിക്കുന്നതും പുകവലിക്കാത്തവർക്ക് അതുകൊണ്ട് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ്. പബ്ലിക് ട്രാൻസ്‌പോർട് മാർഗങ്ങളായ മെട്രോയിലും ബസുകളിലുമാണ് പുകവലി നിരോധിച്ചിരിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR